അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ മറഡോണ കുഴഞ്ഞുവീണു

സെന്റ് പീറ്റേഴ്സബര്‍ഗ്: ഫിഫ ലോകകപ്പില്‍ അത്ഭുതകരമായി തിരിച്ചുവന്ന അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ ഇതിഹാസതാരം മറഡോണ കുഴഞ്ഞുവീണു. സ്ഥലത്തുണ്ടായിരുന്ന വിദഗ്ദസംഘം അദ്ദേഹത്തിന് ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറഡോണയുടെ ആരോദഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അര്‍ജന്റീനയുടെ കളികള്‍ കാണാനായി അദ്ദേഹം സ്റ്റേഡിയത്തിലെത്താറുണ്ട്. നൈജീരിയയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ വികാരഭരിതനായി കാണപ്പെട്ട മറഡോണ ആദ്യ ഗോള്‍ ആഘോഷിച്ചിരുന്നു. പിന്നീട്, പിന്നീട് നൈജീരിയ ഒന്ന് തിരിച്ചടിച്ചതോടെ താരം അസ്വസ്ഥനായിരുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, കളിതീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ അര്‍ജന്റീന വിജയഗോള്‍ നേടിയതോടെ മറഡോണ ആഘോഷം തുടങ്ങി. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് പിന്നീട് അസ്വാസ്ഥ്യത്തിനിടയാക്കിയത്. അര്‍ജന്റീനയ്ക്ക് ആദ്യ രണ്ടു മത്സരത്തിലും ജയിക്കാന്‍ കഴിയാതിരുന്നതോടെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. 1986ല്‍ കിരീടം നേടിയ താനടക്കമുള്ള മുന്‍ കളിക്കാരെ അര്‍ജന്റീനയുടെ ക്യാമ്ബിലേക്ക് കടത്തിവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *