ആര് ചീഫ് വിപ്പാകും? സിപിഐയില്‍ ഇത് നെട്ടോട്ടത്തിന്റെ ദിനങ്ങള്‍

ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി സിപിഐക്ക് ലഭിക്കുന്ന ചീഫ് വിപ്പ് പദവിക്ക് വേണ്ടി നടക്കുന്നത് കടുത്ത പോര്. നിയമസഭയില്‍ ഇനിയൊരു അവസരം കൂടി ലഭിക്കാന്‍ ഇടയില്ലാത്ത ഇ എസ് ബിജിമോള്‍ വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് വാദിക്കുന്നതെങ്കില്‍ മുമ്ബ് മന്ത്രിസ്ഥാനം വഹിച്ച അനുഭവ പരിചയമാണ് സി ദിവാകരനും മുല്ലക്കര രത്‌നാകരനും ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടയിലൂടെ ചിറ്റയം ഗോപകുമാറിനോ കെ രാജനോ സ്ഥാനം നല്‍കണമെന്ന് വാദിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്.

പീരുമേട് നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണ മത്സരിച്ച ബിജിമോള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാതിരിക്കാന്‍ വലിയ ശ്രമമുണ്ടായിരുന്നു. രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്കുതന്നെ സീറ്റ് കൊടുക്കുന്ന തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ വിജയസാധ്യതയുള്ള മൂന്നു പേര്‍ക്ക് മൂന്നാം തവണയും മത്സരിക്കാന്‍ അവസരം നല്‍കുകയാണുണ്ടായത്. പിന്നീട് ഒരു അഭിമുഖ വിവാദത്തില്‍പ്പെട്ട് ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ സമിതിയിലേക്ക് തരംതാഴ്ത്തിയെങ്കിലും കഴിഞ്ഞ സംസ്ഥാന സമ്മേളനം അവരെ വീണ്ടും സംസ്ഥാന സമിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

വി എസ് സര്‍ക്കാരില്‍ ദിവാകരനും മുല്ലക്കരയും മന്ത്രിമാരായിരുന്നു. എന്നാല്‍ ദിവാകരന്‍ പിന്നീട് കാനം പക്ഷത്തിന് അനഭിമതനായി. മുല്ലക്കരയ്ക്കും ഇത്തവണ മന്ത്രിസ്ഥാനം കൊടുത്തില്ല. അവരെ ഒഴിവാക്കുക എന്ന ഉദ്ദേശംകൂടി വച്ചാണ് പുതുമുഖങ്ങളെ മന്ത്രിസഭയിലുള്‍പ്പെടുത്തുക എന്ന തീരുമാനം സിപിഐ നേതൃത്വം സ്വീകരിച്ചത്. അങ്ങനെയാണ് മുമ്ബ് മന്ത്രിയായിട്ടില്ലാത്ത നാല് പേര്‍ക്ക് അവസരം നല്‍കിയത്.

അവസരം നഷ്ടപ്പെട്ടവരെല്ലാം ഇനിയൊരു സാധ്യത ഇല്ലെന്നു കരുതിയിരിക്കുമ്ബോഴാണ് ചീഫ് വിപ്പ് പദവിയുടെ സാധ്യത തെളിഞ്ഞിരിക്കുന്നത്. അടുത്ത മൂന്നു വര്‍ഷംകൂടി പിണറായി മന്ത്രിസഭയ്ക്ക് കാലാവധി ഉണ്ടായിരിക്കെ ഏതുവിധവും പുതിയ പദവി ഉറപ്പാക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *