ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

നോട്ടിംഗ്ഹാം: ( 22.08.2018) ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. നോട്ടിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ 203 റണ്‍സിന് ഇ്ത്യ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചു. 521 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 317 റണ്‍സിന് എല്ലാവരും പുറത്തായി.

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ 2-1 എന്ന നിലയിലെത്തി. ആദ്യ രണ്ട് മല്‍സരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു. നാലാം ദിനം നിര്‍ണായകമായ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി ഇംഗ്ലണ്ടിനെ തകര്‍ത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയുടെ വിജയ ശില്‍പി.

311/9 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ടിന് ആറ് റണ്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. അപ്പോഴേക്കും ജെയിംസ് ആന്‍ഡേഴ്‌സിനെ അശ്വിന്‍ രോഹിത്തിന്റെ കൈകളിലെത്തിച്ച്‌ ആദ്യ സെഷനില്‍ തന്നെ ഇന്ത്യയുടെ വിജയം ഉറപ്പാക്കി. 33 റണ്‍സെടുത്ത റാഷിദ് പുറത്താവാതെ നിന്നു.

അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇശാന്ത് ശര്‍മ രണ്ടും ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ആര്‍.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

23/0 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വൈകാതെ ജെന്നിംഗ്‌സിനെ (13) നഷ്ടമായി. ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ ഋഷഭ് ആണ് ജെന്നിംഗ്‌സിനെ പിടികൂടിയത്. ടീം സ്‌കോറില്‍ അഞ്ച് റണ്‍സ് കൂടി ചേര്‍ക്കപ്പെട്ടതോടെ കുക്കിനെയും (17) ഇശാന്ത് പറഞ്ഞു വിട്ടു. രാഹുലാണ് ക്യാച്ചെടുത്തത്.

ക്യാപ്റ്റന്‍ ജോ റൂട്ടിനെ (13) ബുംറ രാഹുലിന്റെ കൈയില്‍ എത്തിച്ചു. യുവതാരം ഒല്ലി പോപ്പ് (16) ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ കൊഹ് ലിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പവലിയനില്‍ എത്തിയതോടെ 62/4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇംഗ്ലണ്ട്. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ബെന്‍ സ്‌റ്റോക്‌സും (62) കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലറും (106) ചേര്‍ന്ന് ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.

അഞ്ചാം വിക്കറ്റില്‍ ഇരുവരും 169 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിന്റെ ടീം സ്‌കോര്‍ 231ല്‍ വച്ച്‌ ബട്ട്‌ലറെ എല്‍ബിയില്‍ കുരുക്കി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്. 176 പന്ത് നേരിട്ട് 21 ഫോര്‍ ഉള്‍പ്പെട്ടതായിരുന്നു ബട്ട്‌ലറുടെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ബെയര്‍സ്‌റ്റോയുടെ (0) കുറ്റി തെറിപ്പിച്ച്‌ ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. തുടര്‍ന്ന് സ്‌റ്റോക്‌സിനെ പാണ്ഡ്യയും വോക്‌സിനെയും (4), ബ്രോഡിനെയും (20) ബുംറയും പറഞ്ഞയയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *