ഇന്ത്യന്‍ 2വില്‍ അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുമെന്ന് കമല്‍ഹാസന്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിശ്വരൂപം രണ്ടാം ഭാഗം ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തുകയാണ്. ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന അടുത്ത കമല്‍ഹാസന്‍ ചിത്രമാണ് ഇന്ത്യന്‍ 2. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ ശരിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍ഹാസന്‍. ഒരു അഭിമുഖത്തിനിടെയാണ് കമല്‍ഹാസന്‍ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വൈകാതെ ആരംഭിക്കുമെന്നും കമല്‍ വ്യക്തമാക്കി.

ചിത്രത്തില്‍ കമലിന്റെ നായികയായി നയന്‍താര എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 200 കോടിക്ക് മുകളില്‍ ബഡ്ജറ്റുളള ഒരു ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നാണ് അറിയുന്നത്. എ ആര്‍ റഹ്മാന്‍ തന്നെയായിരിക്കും ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുക. കൂടാതെ സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മ്മന്‍ തുടങ്ങിയ ടെക്‌നീഷ്യന്‍മാരും ഇന്ത്യന്‍ 2 പ്രോജക്ടിന്റെ ഭാഗമായി എത്തുമെന്നാണ് അറിയുന്നത്.

ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. കമല്‍ഹാസന്‍ നയിക്കുന്ന ടെലിവിഷന്‍ പരിപാടി ബിഗ് ബോസിനു ശേഷം ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദിലായിരിക്കും ആദ്യ ചിത്രീകരണം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *