‘ഇന്ന് ജാതിയില്ല, മതമില്ല, നമ്മള്‍ ഒന്നാണ്’ ; ഈദ് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

കേരളത്തിനായി ഒറ്റക്കെട്ടായി നിന്ന എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ആശംകള്‍ നേര്‍ന്നത്. ‘ഇന്ന് ഈ ഈദ് ദിനത്തില്‍ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരോട് പറയാനുളളത്’ എന്നു തുടങ്ങിയാണ് ദുല്‍ഖര്‍ പോസ്റ്റ് ആരംഭിക്കുന്നത്.

‘മലയാള സിനിമയിലെ മാത്രമല്ല ജീവിതത്തിലെ നാനാതുറകളില്‍ പെട്ടവര്‍ക്കും ആര്‍മി, നേവി, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മത്സ്യത്തൊഴിലാളികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍, എന്‍ ജി ഓ കള്‍, വിദ്യാര്‍ഥികള്‍, ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍, എല്ലാറ്റിനുമുപരി, ഇന്ത്യയില്‍ നമ്മള്‍ സാധാരണക്കാരന്‍ എന്ന് വിളിക്കപ്പെടുന്ന അനേകം പേര്‍, എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ നിങ്ങളുടെ അശ്രാന്ത പരിശ്രമവും ഇച്ഛാശക്തിയുമാണ് കേരളത്തെ രക്ഷപ്പെടുത്തി, കരയ്ക്കടുപ്പിച്ചത്.

എന്നെപ്പോലെ തന്നെ ഈ സമയത്ത് കേരളത്തില്‍ ഇല്ലാതെ പോയ പലരും മിഡില്‍ ഈസ്റ്റ്, അമേരിക്ക, യൂറോപ് എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗത്തും പെട്ട് പോയവര്‍ ഈ അവസ്ഥയെക്കുറിച്ച്‌ ഉത്കണ്ഠയുള്ളവരാണ്. കേരളത്തിലേക്ക് പണം അയക്കുക, ഫണ്ട് സമാഹരിക്കുക, സാധനങ്ങള്‍ എത്തിക്കുക തുടങ്ങി പല തരത്തില്‍ സഹായിക്കാന്‍ ശ്രമിക്കുന്നവരാണ് അവരെല്ലാം തന്നെ. ദയവായി അവരെ അവഗണിക്കാതിരിക്കൂ.

ഒരാള്‍ വിചാരിച്ചാല്‍ രക്ഷപ്പെടുത്താവുന്ന ഒരവസ്ഥയിലല്ല കേരളം. എന്നാല്‍, ഓരോരുത്തരും വിചാരിച്ചാല്‍ അത് സാധിക്കും. ഈ ദുരിത സമയത്ത് വെളിവായിരിക്കുന്ന ഏറ്റവും സന്തോഷകരമായ കാര്യമെന്തെന്നാല്‍, എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം നാം ഒന്നാണ് എന്ന് തിരിച്ചറിവാണ്.

ജാതിയോ മതമോ നാം ഇപ്പോള്‍ കാണുന്നില്ല. സുന്ദരമായ ഈ സംസ്ഥാനത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ചയും അത് തന്നെ. നമ്മള്‍ ഒന്നാണ് എന്ന ചിന്ത, നമുക്ക് വേണ്ടി നാം ഒരുമിച്ച്‌ എന്നതും’, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *