ഉള്ളിവില കുതിക്കുന്നു: ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. സവാള വില കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ അതിനുള്ളില്‍ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് പറയുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാന്‍ കാരണമായിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഒരുകിലോ സവാളയുടെ വില 100ന് മുകളില്‍ എത്തുന്ന അവസ്ഥയുമുണ്ടായി. ഇതേതുടര്‍ന്ന് കടകളില്‍ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പലയിടത്തും റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 40 ടണ്‍ സവാള കൊള്ളയടിച്ച വാര്‍ത്ത പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *