എല്ലാ ഡാമുകളും കൂട്ടത്തോടെ തുറക്കാനിടയാക്കിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വന്‍പ്രളയത്തിന് കാരണമാക്കിക്കൊണ്ട് എല്ലാ ഡാമുകളും കൂട്ടത്തോടെ തുറക്കാനിടയാക്കിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയം സംബന്ധിച്ച സര്‍വ്വകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പുനരധിവാസ പ്രവര്‍ത്തനത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കണം. പുനരധിവാസമാണ് ഏറ്റവും വലിയ വെല്ലുവിളി. എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതം വീണ്ടും കരുപ്പിടിപ്പിച്ചെടുക്കണം. റോഡ്, പാലങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം പുന:ര്‍നിര്‍മ്മിക്കണം. വിപുലമായ പുനരധിവാസ പ്രവര്‍ത്തനമാണ് വേണ്ടത്. പ്രത്യേക വകുപ്പ് രൂപീകരിച്ച്‌ ഏകോപനത്തോടെ പുനരധിവാസ പ്രവര്‍ത്തനം നടപ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതാത് സ്ഥലത്തെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പുനരധിവാസ കമ്മിറ്റികള്‍ രൂപീകരിക്കണം. പുനരധിവാസ ഫണ്ട് കൈകാര്യം ചെയ്യുന്നത് പ്രത്യേക ഹെഡ് അക്കൗണ്ട് ആകണം. പുനരധിവാസ പ്രവര്‍ത്തനത്തിനും നഷ്ടപരിഹാര വിതരണത്തിനും മറ്റും സിംഗിള്‍ വിന്‍ഡോ സമ്ബ്രദായം നടപ്പാക്കണം. ദുരന്ത നിവാരണ അതോറിറ്റി ഇപ്പോഴും നിര്‍ജീവമാണ്. അത് പുന:സംഘടിപ്പിക്കുകയും കാര്യക്ഷമമാക്കുകയും വേണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ദുരന്ത മേഖലയിലെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളണം. നഷ്ടപരിഹാരം സമയബന്ധിതമായി തന്നെ നല്‍കണം. യഥാര്‍ത്ഥ നഷ്ടം നോക്കി വേണം നഷ്ടപരിഹാരം നല്‍കേണ്ടത്. വീടുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ധനസഹായമായി നല്‍കണം. അതിന് പുറമെ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുകയും വേണം. വീണ്ടും കൃഷിയിറക്കുന്നതിന് ധനസഹായം നല്‍കുന്നതിന് പുറമെ നാമമാത്ര പലിശയക്ക് കര്‍ഷകര്‍ക്ക് വായ്പ നല്‍കുകയും വേണം. ഇറിഗേഷന്‍ കനാലുകള്‍, ബണ്ടുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയ്ക്കുണ്ടായ കേടുപാടുകളും നഷ്ടവും കണക്കാക്കി പ്രത്യേക പ്രൊജക്ടായി പുന:ര്‍നിര്‍മിക്കണം.

ആദിവാസികള്‍, പട്ടിക ജാതിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക പാക്കേജ് വേണം. കുടുംബശ്രീ, സ്വയംതൊഴില്‍ കണ്ടെത്തല്‍ എന്നിവയ്ക്കായി 10 ലക്ഷം രൂപ വരെ ലോണ്‍ എടുത്തവരുടെ കടങ്ങള്‍ എഴുതി തള്ളണം. താഴ്ന്ന ഭാഗങ്ങളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം പുറത്ത് കളയുന്നതിന് ഹൈ പ്രഷര്‍ വാട്ടര്‍ പമ്ബുകള്‍ ലഭ്യമാക്കണം. മതസംഘടനകള്‍, സാമുദായിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, മറ്റു ഏജന്‍സികള്‍ എന്നിവയുടെ വീടു നിര്‍മ്മാണത്തിന് പ്രത്യേക പ്രോജക്‌ട് വേണം. ദുരന്തത്തിനിരയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുനരധിവാസത്തിന് ലീവ് നല്‍കണം. ദുരന്തത്തിനിരയായി ജോലിക്കെത്താന്‍ കഴിയാത്ത സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്ബളം കട്ട് ചെയ്യുന്നതും അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതും ഒഴിവാക്കണം എന്നും ചേന്നിത്തല പറഞ്ഞു.

രണ്ടു മാസത്തേക്കെങ്കിലും പിഎസ്‌സി പരീക്ഷകള്‍ മാറ്റി വയക്കണം. എസ്‌എസ്‌എല്‍സി പരീക്ഷ കുറച്ചു കൂടി നീട്ടണം. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീടുകളില്‍ തന്നെ എത്തിക്കുന്നതിന് നടപടി വേണം. വസ്തുക്കളുടെ അധാരം പ്രളയത്തില്‍ നശിച്ചവര്‍ക്ക് അതിന്റെ കോപ്പി വേഗത്തില്‍ ലഭ്യമാക്കണം. അതില്‍ ഡ്യൂപ്ലിക്കേറ്റ് എന്ന് അടിച്ചാല്‍ ഗുണമുണ്ടാവില്ല. ഒര്‍ജിനല്‍ എന്ന നിലയ്ക്ക് തന്നെ നല്‍കണം. രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് തക്കതായ പാരിതോഷികം നല്‍കണം. ഇപ്പോള്‍ പ്രഖ്യാപിച്ച 3000 രൂപ പര്യാപ്തമല്ല. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജാഗ്രത വേണം. മെഡിക്കല്‍ ടീമുകളുടെ പ്രവര്‍ത്തനം കറെക്കാലത്തേക്ക് നിലനിര്‍ത്തണം. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കണം. ദുരന്തം ബാധിക്കാത്ത ജില്ലകളിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ശുചീകരണ പ്രവര്‍ത്തകരുടെയും സേവനം ദുരന്ത മേഖലകളില്‍ ലഭ്യമാക്കണം. ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളവര്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയുന്നത് വരെ ക്യാമ്ബുകള്‍ നിലനിര്‍ത്തണം. പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ സര്‍വ്വ കക്ഷി സംഘം ദില്ലിക്ക് പോകണം. പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പ്രമാണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് അവ പുനര്‍ നിര്‍മിച്ച്‌ നല്‍കാന്‍ സര്‍ക്കാര്‍ ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്ബുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങളും, മത ചിഹ്നങ്ങളും ഉപയോഗിച്ചുളള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്നും സര്‍വ്വകക്ഷി യോഗത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *