കട്ടുകളില്ല; ട്രാന്‍സിന് ക്ലീന്‍ U/A സര്‍ട്ടിഫിക്കറ്റ്, റിലീസ് 20ന്!

സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കില്‍ നിന്നും ഫഹദ് ചിത്രം ‘ട്രാന്‍സി’ന് മോചനം. ബിഗ് ബജത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന സീനുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് സീനുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം ശരിവയ്ക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് സിനിമ മുംബൈയിലെ റിവൈസി൦ഗ് കമ്മിറ്റിക്ക് അയച്ചിരുന്നു.

റിവൈസി൦ഗ് കമ്മിറ്റി ട്രാന്‍സിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണിപ്പോള്‍. ഫഹദ് തന്നെയാണ് ഇക്കാര്യം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

കട്ടുകളൊന്നും കൂടാതെ തന്നെ സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിങ് കമ്മിറ്റി ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും എല്ലാവരെയും 20ന് തിയേറ്ററുകളില്‍ കാണാമെന്നുമാണ് ഫഹദിന്‍റെ പോസ്റ്റ്.

വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ‘ട്രാന്‍സി’നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവര പുറത്തിറങ്ങിയ ട്രാന്‍സിന്‍റെ പോസ്റ്ററുകളും ഗാനവുമെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

‘കൂടെ’ എന്ന സിനിമയ്ക്ക് ശേഷം നസ്രിയ വീണ്ടുമെത്തുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് മാറി നിന്ന നസ്രിയ നാല് വര്‍ഷത്തിന് ശേഷം ‘കൂടെ’ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്.

ബാംഗ്ലൂര്‍ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഏഴു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാന്‍സ്’.

2017-ല്‍ ചിത്രീകരണം ആരംഭിച്ച ‘ട്രാന്‍സ്’ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.

ഛായാഗ്രഹണം അമല്‍ നീരദും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയുമാണ് നിര്‍വ്വഹിക്കുന്നത്. ഗൗതം മേനോന്‍, ചെമ്ബന്‍ വിനോദ് ജോസ്, സൗബിന്‍ സാഹിര്‍, വിനായകന്‍, ജോജു ജോര്‍ജ്, ധര്‍മ്മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വം, അര്‍ജുന്‍ അശോകന്‍ തുടങ്ങ നിരവധി താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *