കനത്ത മഴ; സംസ്​ഥാനത്ത്​ പലയിടത്തും വെള്ള​ം കയറി

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്​ഥാനത്ത്​ പലയിടങ്ങളിലും വെള്ളം കയറി. ആലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്. ആലപ്പുഴ വണ്ടാനം മാധവന്‍ മുക്കിന് സമീപം നിയന്ത്രണം വിട്ട കപ്പല്‍ തീരത്തേക്ക് കയറി. എറണാകുളത്ത് കോതമംഗലത്തിനു​ സമീപം കുട്ടമ്ബുഴയില്‍ മഴമൂലം പ്രദേശം ഒറ്റപ്പെട്ടതിനാല്‍ ആശുപത്രിയിലെത്തിക്കാനാകാതെ രോഗി മരിച്ചു. പുളിയനാനിക്കല്‍ ടോമി (55) ആണ്​ മരിച്ചത്​. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ടോമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയതാണ്​ മരണത്തിനിടയാക്കിയത്​. പ്രദേശത്ത്​ പൂയംകുട്ടി പുഴക്കു കുറുകെ പാലമില്ലാത്തതിനാല്‍ മണികണ്ടന്‍ചാലിലൂടെ വഞ്ചിയില്‍ കോതമംഗലം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരവും കനത്ത മഴയില്‍ മുങ്ങി. മണിമലയാറടക്കം കരകവിഞ്ഞപ്പോള്‍, ഏന്തയാര്‍ ഇളംകാട്ടില്‍ ഉരുള്‍പൊട്ടി കനത്ത നാശവും ഉണ്ടായി. മണിമലയാറ്റില്‍ ഒഴുക്കില്‍ പെട്ട് മധ്യവയസ്കന്‍ മരിച്ചു. ചിറക്കടവ് വയലേപ്പടിയിലാണ് മണിമല ചെറുവള്ളി സ്വദേശി ആറ്റുപുറത്ത് ശിവന്‍കുട്ടി (50) ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വയലേപ്പടി ഷാപ്പിലെ ജീവനക്കാരനായിരുന്നു.

ഇളംകാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷി നശിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇവിടെ വെള്ളപാച്ചിലില്‍ റോഡ് ഒലിച്ചുപോയി. ഇതോടെ കൂന്നാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും, മണിമല റോഡിലും വെള്ളം കയറി. മണിമല റോഡില്‍ ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ഈരാറ്റുപേട്ട റോഡില്‍ ചെറുവാഹനങ്ങളിലെ യാത്രയും തടസപ്പെട്ടു. മുണ്ടക്കയം കോസ് വേ, കുട്ടിക്കല്‍ ചപ്പാത്ത്, പഴയിടം പാലം എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. ചേനപ്പാടിയില്‍ മണിമലയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അപകട ഭീഷണിയിലാണ്. മേഖലയില്‍ വ്യാപകമായ കൃഷി നാശമാണുണ്ടായിരിക്കുന്നത്​. 

കനത്തമഴയില്‍ പുതുപ്പള്ളി പള്ളിയും പരിസരത്തും വെള്ളംകയറിയപ്പോള്‍

കണ്ണൂര്‍ മാലൂരില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലാടന്‍ താറോമ(50), റഫലാദ്(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു വീട് ഒലിച്ചുപോയി. ശക്തമായ മഴയെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ താമസം മാറിയിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

എറണാകുളം എം.ജി റോഡിലും സൗത്ത് റെയില്‍വേ സ്റ്റേഷനിലും വെള്ളം കയറി. ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്. എറണാകുളം -കോട്ടയം റൂട്ടില്‍ മരങ്ങള്‍ വീണ് റോഡ് ഗതാഗതവും തടസപ്പെട്ടു. ഇടുക്കി മൂന്നാറില്‍ നിരവധി വീടുകളും കടകളും നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി.

കോട്ടയം-ചേര്‍ത്തല റൂട്ടില്‍ കുമരകം ചക്രം പടിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍

കനത്ത മഴയില്‍ കുട്ടനാട്ടില്‍ രണ്ടിടങ്ങളില്‍ മട വീണു. ആറുപങ്ക്, ചെറുകായല്‍ എന്നിവിടങ്ങളിലാണ് മട വീഴ്‌ചയുണ്ടായത്​. മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഇവിടുത്തെ പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ആയിരിക്കും. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയാണ്. മലപ്പുറത്ത്​ പൊന്നാനി താലൂക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. എറണാകുളം ജില്ലക്ക്​ അവധി നല്‍കിയിട്ടുണ്ടെങ്കിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എം ജി സര്‍വ്വകലാശാലയുടെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഏഴു മുതല്‍ 20 സ​​​​​​​​​​​െന്‍റീമീറ്റര്‍ വരെ മഴ പെയ്യുമെന്നും വ്യാഴാഴ്ച വരെ തുടരുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​​​​​​​​​​​​െന്‍റ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *