കായംകുളം കൊച്ചുണ്ണിയും പാക്കനാരും കടമറ്റത്ത‌് കത്തനാരും ഇനി സൂപ്പര്‍ ഹീറോസ്; ഓണ്‍ലൈന്‍ ഗെയിമുകളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ബ്ലൂവെയില്‍ പോക്കിമോന്‍ മോമോക്ക് തുടങ്ങിയ ഓണ്‍ലൈന്‍ കൊലയാളി ഗെയിമുകള്‍ക്ക‌ു പകരം സംസ്‌ഥാന സര്‍ക്കാറിന്റെ പുതിയ ഓണ്‍ലൈന്‍ ഗെയിമുകള്‍. ഐതിഹ്യമാലയും പഞ്ചതന്ത്രവും ഇനി കുട്ടികള്‍ക്ക് വായിച്ചു മാത്രമല്ല കളിച്ചും വളരാം. കായംകുളം കൊച്ചുണ്ണിയും പാക്കനാരും കടമറ്റത്ത‌് കത്തനാരും കള്ളിയങ്കാട്ട‌് നീലിയും ഉള്‍പ്പെടെയുള്ള മലയാളികളുടെ പ്രിയപ്പെട്ടവര്‍ ഇനി സൂപ്പര്‍ ഹീറോ പദവിയിലേക്ക്.

ഗെയിംസ‌് അനിമേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക‌് സംസ്ഥാനത്ത‌് ആവശ്യക്കാര്‍ ഏറുകയാണ‌്. എന്നാല്‍ വിദേശ ഉല്‍പ്പന്നങ്ങളാണ് കൂടുതലും ലഭ്യമായുള്ളത്. ഓണ്‍ലൈന്‍ മേഖലയിലെ വിനോദവ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അനിമേഷന്‍ ഗെയിംസ‌് വിഷ്വല്‍ ഇഫക്ട‌്സ‌് മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സാംസ‌്കാരികവകുപ്പ‌്.

കുട്ടികളില്‍ അക്രമവാസനയും വ്യക്തിത്വവൈകല്യവും സൃഷ്ടിക്കുന്ന തരത്തിലുള്ള ഗെയിമുകള്‍ക്ക് പകരം പഞ്ചതന്ത്രം കഥകള്‍, ഐതിഹ്യമാല, പുരാണേതിഹാസങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഗെയിമുകളും അനിമേഷന്‍ കഥകളുമാകും കേന്ദ്രം നിര്‍മിക്കുക .

കൂടിയാട്ടം, കഥകളി, ഓട്ടന്‍തുള്ളല്‍, തോല്‍പാവക്കൂത്ത‌്, കളരിപ്പയറ്റ‌് തുടങ്ങിയ കലാരൂപങ്ങളുടെ പ്രചാരണത്തിനും ഈ അവസരം പ്രയോജനപ്പെടുത്തും. ഗെയിമിങ് അനിമേഷന്‍ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക‌് 50 ലക്ഷംരൂപ ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *