കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി ഗൂഗിള്‍; ഇന്ത്യയില്‍ 500 പേരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച്‌ ഇന്ത്യയിലെ രണ്ടുഡസനോളം പ്രമുഖരുടെ വാട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിനുപിന്നാലെ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗൂഗിളും. രാജ്യത്തെ അഞ്ഞൂറോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെ ചോര്‍ത്താന്‍ ശ്രമിച്ചതായാണ് ഗൂഗിളിന്റെ വെളിപ്പെടുത്തല്‍.

പെഗാസസ് ചോര്‍ത്തലില്‍ കേന്ദ്രത്തിന്റെ പങ്ക് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനുപിന്നാലെ, ചൊവ്വാഴ്ചയാണ് ഗൂഗിളിന്റെ ‘ത്രെട്ട് അനാലിസിസ് ഗ്രൂപ്പി(ടി.എ.ജി.)’ലുള്ള ഷെയ്ന്‍ ഹണ്ട്ലെ ഇക്കാര്യം ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. ഈ വര്‍ഷം ജൂലായ്-സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ ലോകത്താകമാനം 149 രാജ്യങ്ങളിലെ 12,000 പേരെ ഇതുപോലെ ഹാക്കര്‍മാര്‍ ലക്ഷ്യം വെച്ചതായി ഹണ്ട്ലെ ബ്ലോഗില്‍ വ്യക്തമാക്കി. ഇവര്‍ക്കെല്ലാം ഗൂഗിള്‍ ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പുനല്‍കിയിരുന്നു. 2017, 2018 വര്‍ഷങ്ങളിലും ഇതേ കാലയളവില്‍ മുന്നറിയിപ്പുനല്‍കി. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ചോര്‍ത്തല്‍ ശ്രമങ്ങള്‍ക്കുപിന്നിലെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.

ചോര്‍ത്തല്‍ ‘ഫിഷിങ് ഇ-മെയില്‍’ വഴി

ലക്ഷ്യമാക്കപ്പെട്ടവരില്‍ 90 ശതമാനം പേരെയും ‘ഫിഷിങ് ഇ-മെയില്‍’ വഴിയാണ് ഹാക്കര്‍മാര്‍ സമീപിച്ചത്. ഗൂഗിളിന്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങില്‍ അക്ഷരക്രമത്തില്‍ ചെറിയമാറ്റം വരുത്തിയാണ് മെയില്‍ അയക്കുക.

മെയിലില്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് വിവരങ്ങളും പാസ്വേഡും ചോദിക്കും. വിശ്വാസ്യത തോന്നിക്കാന്‍ ഹാക്കര്‍മാര്‍ അയക്കുന്ന സെക്യൂരിറ്റി കോഡുകളും നല്‍കേണ്ടിവരും. ഈ വിവരങ്ങളെല്ലാം നല്‍കിയവരുടെ കംപ്യൂട്ടറിലോ ഫോണിലോ ഉള്ള വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്തും.

നിരീക്ഷിക്കാന്‍ അധികാരമുണ്ടെന്ന് മന്ത്രി

പെഗാസസ് ഉപയോഗിച്ച്‌ രാജ്യത്തെ പ്രമുഖരുടെ വാട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ കേന്ദ്രത്തിന് പങ്കുണ്ടോ എന്ന പ്രതിപക്ഷചോദ്യത്തിന് നേരിട്ട് ഉത്തരം നല്‍കാതെ സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ആശയവിനിമയം നിയമപരമായി നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗം ദിഗ്വിജയസിങ്ങിന്റെ ശ്രദ്ധക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിനൊന്നും മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *