തനിക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെ കുറിച്ച്‌ ഓര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പേടിയുണ്ടെന്ന് നടി പാര്‍വതി

തനിക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെ കുറിച്ച്‌ ഓര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പേടിയുണ്ടെന്ന് നടി പാര്‍വതി. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്. മൈ സ്‌റ്റോറിക്കെതിരെ ദുഷ്പ്രചരണം തുടരുന്നതിനിടെ തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവരാരും സഹായിച്ചില്ലെന്ന സംവിധായിക റോഷ്‌നി ദിനകറിന്റെ ആരോപണത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള പാര്‍വതിയുടെ പ്രതികരണം.

തനിക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെ കുറിച്ച്‌ ഓര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പേടിയുണ്ടെന്ന് പറഞ്ഞ പാര്‍വതി എന്നാല്‍ തന്റെ സ്വഭാവം അവര്‍ക്കെല്ലാം നല്ല പോലെ അറിയാമെന്നും വ്യക്തമാക്കി.

അതേസമയം സംവിധായികയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും പാര്‍വതി അറിയിച്ചു. അവരോട് താന്‍ സംസാരിച്ചിരുന്നു. ‘എന്നും ഞങ്ങള്‍ അവരോടൊപ്പം തന്നെയുണ്ട്. മൈ സ്‌റ്റോറി ഞങ്ങളുടെ കൂടി സിനിമയാണ്” എന്നും പാര്‍വതി പറഞ്ഞു. ‘ഞാന്‍ എന്നും സിനിമയുടെ റിവ്യു വായിക്കാറുണ്ട്. കൂടുതല്‍ പഠിക്കാന്‍ സിനിമാ നിരൂപണങ്ങള്‍ എന്നെ സഹായിക്കാറുണ്ട്.

ഒരു കലാകാരി എന്ന നിലയില്‍ പ്രേക്ഷകരുമായി എന്റെ ബന്ധം നിലനില്‍ക്കുന്നത് സിനിമകളിലൂടെയാണ്. ആ ബന്ധങ്ങള്‍ എനിക്ക് ഏറെ വിലപ്പെട്ടതുമാണ്. ഈ ഇന്‍ഡസ്ട്രീയില്‍ ഞാന്‍ ‘സൂപ്പര്‍ ഫീമെയ്ല്‍” ഒന്നുമല്ല. ഈ മേഖലയിലേക്ക് താന്‍ വന്നിട്ട് പതിമൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വിജയത്തിന് ശേഷമാണ് എനിക്ക് സിനിമയില്‍ ഒരു സ്ഥാനം കിട്ടിയത്” എന്നും പാര്‍വതി പ്രതികരിച്ചു.

താന്‍ ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലെന്നും മറ്റുള്ളവര്‍ക്കും വരും തലമുറയ്ക്കും കൂടി വേണ്ടതാണെന്നും പാര്‍വതി വ്യക്തമാക്കി. സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. പക്ഷേ അവര്‍ക്ക് അത് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തത് കൊണ്ടാകും അത് പറയാത്തത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് നിരവധി പേര്‍ തനിക്ക് മെസേജ് അയക്കാറുണ്ടെന്നും തന്റെ നിലപാടുകളെ പിന്തുണയ്ക്കാറുണ്ടെന്നും അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *