ധോണി വിരമിക്കുന്നുവോ? ആ ബാള്‍ വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കി രവി ശാസ്ത്രി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയ്‌ക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. മത്സരത്തിന് പിന്നാലെ അംപയറില്‍ നിന്നും ബോള്‍ ചോദിച്ച്‌ വാങ്ങിയതോടെയാണ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത വീണ്ടും സജീവമായത്. പരമ്ബരയില്‍ ധോണിയുടെ ഫോമില്ലായ്മയും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.

2014 ല്‍ ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മാര്‍ച്ച്‌ സ്റ്റംപുകള്‍ സ്വന്തമാക്കി മടങ്ങിയ ധോണി തുടര്‍ന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതായിരുന്നു ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. എന്നാല്‍ ധോണി വിരമിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ടീം പരീശിലകന്‍ രവി ശാസ്ത്രി രംഗത്തെത്തി. ”എന്ത് അസംബന്ധമാണ് നിങ്ങള്‍ പറയുന്നത്. ധോണി എവിടെയും പോകുന്നില്ല. ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനെ കാണിക്കാനാണ് ധോണി ആ ബോള്‍ വാങ്ങിയത്”- രവി ശാസ്ത്രി വ്യക്തമാക്കി.

നേരത്തെ, ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ധോണിയുടെ വേഗം കുറഞ്ഞ ബാറ്റിംഗ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ചേസിംഗിനിറങ്ങി 59 പന്തുകളില്‍ 37 റണ്‍സ് മാത്രം നേടിയ ധോണി പുറത്തായപ്പോള്‍ ആരാധകര്‍ കൂകിവിളിച്ചിരുന്നു.1975 ലോകകപ്പില്‍ 174 പന്തുകളില്‍ 36 റണ്‍സ് പുറത്താകാതെ നേടിയ തന്റെ ബാറ്റിംഗിനെയാണ് ധോണി അനുസ്‌മരിച്ചതെന്നായിരുന്നു സുനില്‍ ഗവാസ്‌കറുടെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *