സദ്യയിൽ വിഷംകലർത്തി യുവതിയുടെ പ്രതികാരം.


മുംബൈ: തന്റെ നിറം കറുപ്പായതിന്റെ പേരിൽ ബന്ധുക്കളും നാട്ടുകാരും നിരന്തരം കളിയാക്കുന്നതിൽ മനംനൊന്ത് യുവതിയുടെ പ്രതികാരം. ബന്ധുവിന്റെ വീട്ടിലെ ചടങ്ങിന് തയ്യാറാക്കിയ സദ്യയിൽ യുവതി വിഷം കലർത്തിയതോടെ ഇത് കഴിച്ച അഞ്ചുപേർ മരിച്ചു. ഇവരിൽ നാലുപേർ കുട്ടികളാണ്. 120 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്നാണ് വിവരം. ബന്ധുക്കളും കറുപ്പ് നിറത്തിന്റെ പേരിൽ നിരന്തരം പരിഹസിച്ചിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതിൽ ദേഷ്യംവന്നാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് മൊഴി.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം ഉണ്ടായത്. ഒരു ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സൽക്കാരത്തിന് തയ്യാറാക്കിയ ഭക്ഷണത്തിലാണ് 28കാരിയായ യുവതി വിഷം കലർത്തിയത്. സൽക്കാരം നടന്നതിന് പിന്നാലെ തന്നെ ഭക്ഷണം കഴിച്ചവർക്കെല്ലാം കടുത്ത വയറുവേദന തുടങ്ങി. പിന്നാലെ ഛർദ്ദിയും. പലരും കുഴഞ്ഞുവീണു. പലരും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തു. പിന്നീടാണ് ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്‌നം ഉണ്ടായതെന്ന് കണ്ടെത്തുന്നത്.

ഇതോടെയാണ് സദ്യക്ക് തയ്യാറാക്കിയ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചതും വൻതോതിൽ കീടനാശിനി കലർന്നതാണ് ആപത്ത് വരുത്തിവച്ചതെന്ന് മനസ്സിലാകുന്നതും. ഇതിനകം നാല് കുഞ്ഞുങ്ങളും ഒരു മുതിർന്നയാളും മരിച്ചു. തുടർന്ന് ചടങ്ങിനെത്തിയവരെ ചോദ്യം ചെയ്തു. യുവതി പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതോടെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കീടനാശിനിയുടെ അവശിഷ്ടങ്ങൾ വീടിനു സമീപത്തുനിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. രണ്ടു വർഷം മുമ്പ് വിവാഹിതയായ യുവതി കറുത്തവളാണെന്നും പാചകം വളരെ മോശമാണെന്നും നിരന്തരം പരിഹസിച്ചുവന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതിലുള്ള വിരോധം തീർക്കാൻ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു എന്ന് യുവതി സമ്മതിച്ചു. നാല് കുട്ടികളും 54 കാരനുമാണ് മരിച്ചത്. ചികിത്സ തേടിയെത്തിയ മറ്റുള്ളവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പലരും ആശുപത്രി വിട്ടിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *