നീരാളിയ്ക്ക് ഗംഭീര സ്വീകരണം..

മോഹന്‍ലാല്‍ ആരാധകരുടെ ഏട്ട് മാസത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമ കൂടിയായതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂടുതലായിരുന്നു.

മോഹന്‍ലാലിന്റെ മകന്‍ അപ്പു എന്ന പ്രണവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമ എത്തിയതോടെ ഫാന്‍സിന് ഇന്ന് ആഘോഷിക്കാന്‍ രണ്ട് കാര്യങ്ങളാണുള്ളത്. നീരാളി കാണാനുള്ള ആരാധകരുടെ തിരക്ക് തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.. സിനിമയുടെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും അറിയാം..

മോഹന്‍ലാലിന്റെ നീരാളി

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു നീരാളി. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ നാദിയ മൊയ്തുവാണ് നായിക. നാസര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് നീരാളിയിലെ മറ്റ് താരങ്ങള്‍. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നീരാളി തിയറ്ററുകളിലേക്ക് എത്തി..

ത്രില്ലര്‍ ഡ്രാമയായ നീരാളിയ്ക്ക് സാജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂണില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും തീയ്യതി മാറ്റുകയായിരുന്നു. ഒടുവില്‍ ജൂലൈ പതിമൂന്നിന് നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മുന്‍പ് സിനിമയില്‍ നിന്നും വന്ന പോസ്റ്ററുകളും ട്രെയിലറുകളും ആകാംഷ നല്‍കിയിരുന്നു. ഇന്ന് മുതല്‍ ബിഗ് റിലീസായിട്ടാണ് എത്തിയിരിക്കുന്നത്. 300 തിയറ്ററുകളാണ് ആദ്യദിനം നീരാളിയ്ക്ക് കിട്ടിയിരിക്കുന്നത്.

ആരാധകര്‍ ആവേശത്തില്‍

മോഹന്‍ലാലിന്റെ സിനിമ വരികയെന്നത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ കട്ടൗട്ടുകളും പോസ്റ്ററുകളുമായി ആരാധകര്‍ സജീവമായിരുന്നു. കേരളത്തില്‍ കോരിചൊഴിയുന്ന മഴയൊന്നും ആരാധകര്‍ക്ക് വലിയ പ്രശ്‌നമുള്ളതല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

രാവിലെ മുതല്‍ തിരക്ക്

രാവിലെ ഫാന്‍സ് ഷോ അടക്കമാണ് നീരാളി പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. എല്ലായിടത്തും ആരാധകരുടെ നീണ്ട ക്യൂ തന്നെയാണ്. ഇതോടെ നീരാളിയ്ക്ക് മികച്ച തുടക്കം തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *