പണത്തിന്റെ ഹുങ്ക്​ കേരളത്തോട്​ വേണ്ട; അമ്മക്കെതിരെ ജി. സുധാകരന്‍

തിരുവനന്തപുരം: ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. കഴിഞ്ഞ ദിവസം അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജി വച്ച പശ്ചാത്തലത്തിലാണ് അമ്മക്കെതിരെ വിമര്‍ശനവുമായി മന്ത്രിയെത്തിയത്. അമ്മ ഭാരവാഹികള്‍ സ്വയം തിരുത്താന്‍ തയാറാകണം. സിനിമക്കാര്‍ പണം അവിടെയും ഇവിടെയും നിക്ഷേപിക്കുകയും ഭൂമിവാങ്ങിക്കൂട്ടുകയുമെല്ലാം ചെയ്യുന്നു. മലയാള സിനിമക്ക് അഹങ്കാരമാണ്. പണത്തിന്റെ അഹങ്കാരം. അത് സാംസ്‌കാരിക കേരളത്തോട് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സ്വയം വിമര്‍ശനം നടത്തണമെന്നും സുധാകരന്‍ വ്യക്തമാക്കി. ചാര്‍ലി ചാപ്ലിന്‍ കോടീശ്വരനായിരുന്നപ്പോഴും ലാളിത്യമുള്ളവനായിരുന്നു. ഇവിടുത്തെ സിനിമയിലെ കോടീശ്വരന്‍മാര്‍ അത് മനസിലാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ന് കേരളത്തില്‍ ജീവിച്ചരിക്കുന്ന മഹാനായ നടന്‍ മോഹന്‍ലാലാണ്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്ത നടപടി അദ്ദേഹം ഒറ്റക്ക് ചെയ്തതല്ല. അമ്മയുടെ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവര്‍ത്തിച്ചിരിക്കുകയാണ്. സംസ്‌കാരത്തിന് ചേരാത്ത നടപടിയാണ് ഇതെന്നും സുധാകരന്‍ പറഞ്ഞു.

അഭിമാനമുള്ള സ്ത്രീകളായതിനാലാണ് നടിമാര്‍ രാജിവെച്ചത്. അവര്‍ എങ്ങനെയാണ് അവിടെ ഇരിക്കുക. ഇത്തരമൊരു നടപടി സ്വീകരിക്കും മുമ്ബ് അവരോട് കൂടിയാലോചിച്ചില്ല. അതിനര്‍ഥം അവിടെ ജനാധിപത്യം ഇല്ലെന്നാണെന്നും സുധാകരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *