പാചകവാതക വില വര്‍ദ്ധന: കേന്ദ്രത്തിനെതിരെ കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം•പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ്‌ സിലിണ്ടറിന്‌ 146/- രൂപയാണ്‌ ഒറ്റയടിക്ക്‌ വര്‍ദ്ധിപ്പിച്ചത്‌. ഇത്‌ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ദ്ധിപ്പിക്കലാണ്‌. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്‌ച കൂട്ടിയിരുന്നു. 1407/- രൂപയാണ്‌ ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ്‌ സിലിണ്ടറിന്‌ നല്‍കേണ്ടത്‌. ഇതും വിപണിയെ രൂക്ഷമായി ബാധിക്കും.

2014 ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്‌ മുമ്ബ്‌ ഇന്ധന വില കുത്തനെ കുറയ്‌ക്കുമെന്നായിരുന്നു ജനങ്ങള്‍ക്ക്‌ നല്‍കിയ പ്രധാന വാഗ്‌ദാനങ്ങളി ലൊന്ന്‌. വില കുറച്ചില്ലെന്ന്‌ മാത്രമല്ല, അനുദിനം കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ ഡിസംബറില്‍ 15 രൂപയും ജനുവരിയില്‍ 19 രൂപയും കൂട്ടിയതിന്‌ പുറമെയാണ്‌ ഇപ്പോഴത്തെ കൂട്ടല്‍. അന്താരാഷ്ട്ര വിപണിയില്‍ കാര്യമായ വില വര്‍ദ്ധന ഇല്ലാഞ്ഞിട്ടും ഇങ്ങിനെ വില കൂട്ടിയത്‌ എണ്ണക്കമ്ബനികളെ വഴിവിട്ട്‌ സഹായിക്കാന്‍ വേണ്ടി മാത്രമാണ്‌.

ഡല്‍ഹി തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടായിരുന്നു വില കൂട്ടുന്നത്‌ താല്‍ക്കാലികമായി നിര്‍ത്തിവെയ്‌പ്പിച്ചിരുന്നത്‌. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണ്‌. അതിരൂക്ഷമായ വിലക്കയറ്റമാണ്‌ രാജ്യത്തുള്ളത്‌. അത്‌ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവിലും വ്യവാസായിക മേഖലയിലെ തകര്‍ച്ചയിലും നടുവൊടിഞ്ഞ ജനങ്ങളുടെ മേല്‍ വീണ്ടും വീണ്ടും പുതിയഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്‌. കേന്ദ്ര ബജറ്റിലും അതാണ്‌ കണ്ടത്‌.

ഇത്തരം ജനദ്രോഹങ്ങള്‍ നടപ്പാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ മറയാക്കുന്നത്‌ തീവ്ര വര്‍ഗീയതയാണ്‌. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഈ വര്‍ഗീയ നിലപാടിനെ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന്‌ കുലുക്കമില്ല. അതിശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനാകൂ. കേന്ദ്ര ബജറ്റിനെതിരെ ഫെബ്രുവരി 18ന്‌ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ പാചകവാതക വിലവര്‍ദ്ധനയ്‌ക്കെതിരായുള്ള രോഷവും ഉയരണം. ഈ സാഹചര്യത്തില്‍ 18ന്റെ പ്രതിഷേധ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *