മന്ത്രി എംഎം മണിക്കെതിരെയുള്ള ഫേസ്‌ബുക്ക് പോസ്റ്റ്; മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് പറഞ്ഞ ആര്‍എസ്‌പി നേതാവിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടാല്‍ ഇതായിരിക്കും അനുഭവമെന്നും ഭീഷണി

മന്ത്രി എം.എം.മണിക്കെതിരായി ഫേസ്‌ബുക്കിലൂടെ പ്രചരിച്ച പോസ്റ്റില്‍ കമന്റുചെയ്ത ആര്‍.എസ്‌പി. ഉടുമ്ബന്‍ചോല നിയോജകമണ്ഡലം സെക്രട്ടറി നെടുങ്കണ്ടം മുല്ലവേലില്‍ എം.എസ്.ഷാജി (42)ക്ക് മര്‍ദനം. സംഭവത്തില്‍ ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഎം. ചേമ്ബളം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറു പേര്‍ക്കെതിരേ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് സംസ്ഥാനത്ത് വന്‍ പ്രളയത്തിന് കാരണമായതെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. ഇത്തരത്തിലുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ മന്ത്രി എം.എം.മണിക്കെതിരേ കമന്റിട്ടതിനെ തുടര്‍ന്ന് സിപിഎം. ചേമ്ബളം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വൈകീട്ട് 7.15-ഓടെ നെടുങ്കണ്ടം പഞ്ചായത്ത് മാര്‍ക്കറ്റിന് സമീപത്തുവെച്ച്‌ തന്റെ തലയ്ക്കു പിന്നില്‍ അടിച്ചുവീഴ്‌ത്തുകയായിരുന്നെന്ന് ഷാജി പറഞ്ഞു.

പരിക്കേറ്റ ഷാജി നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ ഷാജിയുടെ ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടാല്‍ ഇതായിരിക്കും അനുഭവമെന്ന് അക്രമിസംഘം വെല്ലുവിളിച്ചതായും ഷാജി പറയുന്നു. പരിക്കേറ്റ് അവശനായ ഷാജിയെ കോണ്‍ഗ്രസ് നേതാവ് എം.എന്‍.ഗോപിയുടെ നേതൃത്വത്തിലാണ് താലൂക്കാശുപത്രിയിലെത്തിച്ചത്. എന്നാല്‍, പൊലീസ് കേസെടുത്തിരിക്കുന്ന സിപിഎം. ചേമ്ബളം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറ് പേര്‍ മര്‍ദനമേറ്റെന്ന് ആരോപിച്ച്‌ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ചികിത്സ തേടിയിട്ടുണ്ട്.

സിപിഎമ്മിനെതിരേയുള്ള ഷാജിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സിപിഎം. നെടുങ്കണ്ടം ഏരിയാ സെക്രട്ടറി ടി.എം.ജോണ്‍ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് വ്യക്തിപരമായുണ്ടായ ഏറ്റുമുട്ടലാണ് അക്രമത്തിനു കാരണം. ഇതില്‍ സിപിഎമ്മിനു പങ്കില്ല. ആരോപണ വിധേയനായ സിപിഎം. ചേമ്ബളം ബ്രാഞ്ച് സെക്രട്ടറി സംഭവം നടക്കുന്ന സ്ഥലത്തുപോലും ഉണ്ടായിരുന്നില്ല. ബ്രാഞ്ച് സെക്രട്ടറിയെ കേസില്‍ കൂടുക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നില്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളും നുണക്കഥകളുമാണ് ഷാജി പ്രചരിപ്പിക്കുന്നതെന്നും ടി.എം.ജോണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *