മഴവെള്ളം കുതിച്ചെത്തി; കൂട്ടില്‍ കിടന്ന 400 ഓളം മുട്ടത്താറാവുകള്‍ ഒഴുകി പോയി

വീയപുരത്ത് നാനൂറോളം താറാവുകള്‍ കുത്തൊഴുക്കില്‍ ഒഴുകി പോയി . ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഹരിപ്പാട്. വീയപുരം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കണിയാം വേലില്‍ ഗോപിയുടെ നാന്നൂറ് മുട്ടത്താറാവുകളാണ് ഒഴുകിപ്പോയത്. ചെറുതന തായനാരി ചിറയിലെ തോടിനോട് ചേര്‍ന്ന പൊക്കപുരയിടത്തില്‍ വല കെട്ടിയാണ് താറാവുകളെ സംരക്ഷിച്ചിരുന്നത്.

തോട്ടിലെ കുത്തൊഴുക്കില്‍ പെട്ട് താറാവുകളെ സംരക്ഷിച്ചിരുന്ന കൂട് ഒലിച്ചു പോയതിനൊപ്പം താറാവുകളും ഒലിച്ചു പോവുകയായിരുന്നു. പരിസര പ്രദേശങ്ങളിലൊക്കെ അന്വേഷണം നടത്തിയിട്ടും താറാവുകളെ കണ്ടെത്താനായില്ല. രണ്ടര കിലോയോളം തൂക്കം വരുന്ന മുട്ടത്താറാവുകളായിരുന്നു ഒഴുകിപ്പോയത്. ഒന്നിന് ഏകദേശം 250 രൂപ വില വരുന്നതായിരുന്നു.

പരമ്ബരാഗത ഇടത്തട്ട് താറാവു കര്‍ഷകനായ ഇദ്ദേഹം ചെറിയ കുഞ്ഞുങ്ങളെ വിലയ്ക്ക് വാങ്ങി വളര്‍ത്തി ആദായമെടുത്തു ഉപജീവനം നടത്തുന്ന ആളായിരുന്നു. താറാവുകള്‍ നഷ്ടമായതോടെ നിലവിലെ ബാധ്യതകള്‍ക്കൊപ്പം ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണ്. മുമ്ബ് രോഗബാധയേറ്റും നിരവധി താറാവുകള്‍ ചത്തിരുന്നു. അതിന് പിന്നാലെയാണ് ഒഴുക്കില്‍ പെട്ട് നഷ്ടമാകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *