മഴ: നാല് മരണം കൂടി, സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം, മഴക്കെടുതിയില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോതമംഗലം വെള്ളാരംകുത്തുകുടിയില്‍ ഒരാള്‍ മരിച്ചു. കോതമംഗലം വെള്ളാരംകുത്തുകുടിയില്‍ മുടിയനാനിക്കല്‍ ടോമി (55) ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തും മുമ്ബ് മരിച്ചത്. കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് വൃദ്ധ മരിച്ചു. പാര്‍ത്തംവലിയത്ത് നാണിയാണ് മരിച്ചത്. ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണ് ചെറുവള്ളി സ്വദേശി ശിവകുമാര്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു.

എറണാകുളം ജില്ലയില്‍ രണ്ട് ദിവസത്തിലേറെയായി നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് കിഴക്കന്‍ മേഖലകളില്‍ പലതും ഒറ്റപ്പെട്ടു. ജില്ലയിലെ പ്രധാന ദേശീയപാതകളില്‍ വാഹനഗതാഗതം സ്തംഭിച്ചു. പലയിടത്തും റോഡുകളില്‍ വലിയതോതില്‍ ഗതാക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് മുടക്കി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ട്രാക്കുകള്‍ വെള്ളത്തിനടിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *