മുസഫര്‍പൂര്‍ ബാലികാമന്ദിരത്തിലെ പീഡനം; ബിഹാര്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജിവച്ചു

ബീഹാറിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ചു വര്‍മ്മ രാജിവെച്ചു. മുസാഫര്‍പൂരിലെ ബാലികാമന്ദിരത്തില്‍ നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് രാജി.

ബിഹാറിലെ മുസഫര്‍പൂര്‍ ബാലികാമന്ദിരത്തില്‍ അന്തേവാസികളായ കുട്ടികളെ പീഡിപ്പിച്ച സംഭവം ബിഹാറില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വ‍ഴിവച്ചിരുന്നു.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെ ഭരണ നേതൃത്വമാകെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

ഈ കേസില്‍ മഞ്ചു വര്‍മ്മയുടെ ഭര്‍ത്താവ് പ്രതിയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മഞ്ചു വര്‍മ്മയുടെ രാജി.

മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലുണ്ടായിരുന്ന 44 പെണ്‍കുട്ടികളില്‍ 34 കുട്ടികളും പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.പീഡനം പ്രതിരോധിക്കുന്നതിനിടെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും സംശയമുണ്ട്.

ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത പതിനാറ് പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്.

സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായ മഞ്ജു ശര്‍മയുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ വര്‍മയ്‌ക്കെതിരെയും ലൈംഗികപീഡനമടക്കമുള്ള ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നീതിക്കായുള്ള വനിത സംഘടകളുടെയും സാമൂഹ്യപ്പവര്‍ത്തകരുടെയും പ്രതിഷേധം.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവക്കുക, നീതി ലഭ്യമാക്കുക, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം കൊണ്ടു വരിക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റേതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *