വാഹന പണിമുടക്ക് പൂര്‍ണം, ജനം വലഞ്ഞു

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സമരത്തിലായതിനാല്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ വാഹനം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കടകമ്ബോളങ്ങള്‍ തുറന്നെങ്കിലും തിരക്ക് തീരെ കുറവായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നന്നേ കുറഞ്ഞു. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല.

ട്രെയിനുകളില്‍ വന്നിറങ്ങിയവര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഷ്ടപ്പെട്ടു. സ്വകാര്യ വാഹനങ്ങളിലും പൊലീസ് വാഹനങ്ങളിലും ആംബുലന്‍സിലും ഇവരെ കയറ്റി വിടാന്‍ പൊലീസ് സഹായിച്ചു. സ്വകാര്യ ബസുകള്‍, ചരക്കുവാഹനങ്ങള്‍, ഓട്ടോ, ടാക്സി തുടങ്ങിയവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരത്ത് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കൊല്ലം, കോട്ടയം കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലടക്കം മിക്കയിടത്തും പണിമുടക്ക് പൂര്‍ണമാണ്. തലസ്ഥാന നഗരത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. ഇരുചക്രവാഹനങ്ങളും അപൂര്‍വം സ്വകാര്യ കാറുകളും മാത്രമാണ് ഓടുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയുള്‍പ്പെടെ ജില്ലയിലൊരിടത്തുനിന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തിയിട്ടില്ല.

ട്രെയിനുകള്‍ മാത്രമായിരുന്നു യാത്രക്കാരുടെ ആശ്രയം. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കായി പൊലീസ് വാഹന സൗകര്യം ക്രമീകരിച്ചത് ആശ്വാസമായി. നഗരത്തിന്റെ പലഭാഗങ്ങളിലേക്കും വിമാനത്താവളം, മെഡിക്കല്‍ കോളേജ്, ആര്‍.സി.സി എന്നിവിടങ്ങളിലേക്കും യാത്രക്കാരുടെ ആവശ്യാനുസരണം പൊലീസ് ബസുകള്‍ ഓടി. തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ക്കായി പുലര്‍ച്ചെ മുതല്‍ പൊലീസ് ബസുകള്‍ ക്രമീകരിച്ചിരുന്നു. തമ്ബാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ തലചുറ്റിവീണ് പരിക്കേറ്റ വടക്കാഞ്ചേരി സ്വദേശി വിനോദ് രാഘവനെ (32) പൊലീസ് വാഹനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ദ്ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെ എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെ.എസ്.ആര്‍.ടി.സി സംയുക്ത തൊഴിലാളി യൂണിയന്റെ പണിമുടക്കും 24 മണിക്കൂറാണ്.

Leave a Reply

Your email address will not be published. Required fields are marked *