വിദേശ രാജ്യങ്ങളുടെ ഒരു സഹായവും കേരളത്തിന് വേണ്ടെന്ന് കേന്ദ്രം… യുഎഇയെ അടക്കം അറിയിച്ചു

പ്രളയ ദുരിതാശ്വാസത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കില്ലെന്ന നയത്തില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍ . കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചു. ഇതോടെ യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ കേരളത്തിന് വാഗ്ദാനം ചെയ്ത തുക ലഭിച്ചേക്കില്ല.

വിദേശ സഹായങ്ങള്‍ എത്ര തന്നെ പ്രഖ്യാപിക്കപ്പെട്ടാലും കേന്ദ്ര സര്‍ക്കാര്‍ വഴി മാത്രമേ കേരളത്തിന് സഹായം കിട്ടുകയുള്ളൂ. കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് ഇന്ത്യയ്ക്ക് കെല്‍പ്പുണ്ടെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.

വിദേശ രാജ്യങ്ങള്‍

യുഎഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണ് കേരളത്തിന് വാഗ്ദാനം ചെയ്തത്. കൂടാതെ മാലിദ്വീപും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ദുരന്ത സമയത്തെ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും ഒറ്റയ്ക്ക് നടപ്പാക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് വിദേശകാര്യമന്ത്രാലയം ഈ രാജ്യങ്ങളെ അറിയിച്ചു.

മാറ്റം വരുത്തേണ്ടതില്ല

15 വര്‍ഷമായി തുടരുന്ന വിദേശ നയം മാറ്റേണ്ടതില്ലെന്നും രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്ക് നടപ്പാക്കാനുള്ള കഴിവ് രാജ്യത്തിന് ഉണ്ടെന്നുമാണ് ഇന്ത്യയുടെ നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നും സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.

പ്രളയ സമയത്ത്

2004 ന് ശേഷം ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതയോ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. 2004 ല്‍ ബിഹാറില്‍ പ്രളയം സംഭവിച്ചപ്പോള്‍ അന്ന് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചെങ്കിലും പിന്നീട് അത് ഉണ്ടായിട്ടില്ല.

ഉത്തരാഖണ്ഡില്‍

ഉത്തരാഖണ്ഡില്‍ പ്രളയം ഉണ്ടായപ്പോള്‍ അമേരിക്കയുടേയും ജപ്പാന്‍റേയും സഹായം കേന്ദ്രം തളളിയിരുന്നു. ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സ്വീകരിച്ച നിലപാട്.

സഹായിച്ചിട്ടുണ്ട്

അതേസമയം അടിയന്തര ഘട്ടങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും അമേരിക്ക, ചൈന, ശ്രീല, പാക്കിസ്ഥാന്‍ , ജപ്പാന്‍ എന്നീ രാജ്യങ്ങളെ ഇന്ത്യ സഹായച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നൊന്നും തിരിച്ച് സഹായം വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.

ഭരണാധികാരികള്‍

അതേസമയം ഭരണാധികാരികള്‍ അടക്കം വിദേശത്തുളളവര്‍ക്ക് വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാമെന്ന് സര്‍ക്കാര്‍ ഈ രാജ്യങ്ങളെ അറിയിച്ചു.

20000 കോടിയുടെ നഷ്ടം

പ്രളയത്തില്‍ ഏകദേശം 20000 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്. നഷ്ടം നികത്താന്‍ സഹായം ആവശ്യപ്പെട്ട കേരളത്തിന് വെറും 600 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇത് അപര്യാപ്തമാണെന്നിരിക്കെ കേരളത്തെ പ്രതിസന്ധിയിലാക്കുന്നതാകും കേന്ദ്രത്തിന്‍റെ പുതിയ തിരുമാനം.

പരിഹാരം കാണണം

ഒന്നുകില്‍ കേന്ദ്രം മതിയായ തുക പ്രഖ്യാപിക്കുകയോ അല്ലേങ്കില്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്ന വിദേശ നയത്തില്‍ മാറ്റം വരുത്തുകയോ വേണ്ടി വരും. ഇതിന് കേരളം രാഷ്ട്രീയമായി സമ്മര്‍ദ്ദം ചെലുത്തേണ്ടി വരും. ഇനിയുള്ള കേന്ദ്രത്തിന്‍റെ ഇടപെടല്‍ സമയോചിതമല്ലെങ്കില്‍ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് വരാനിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകളാവും.

ഐക്യരാഷ്ട്രസഭയോട്അതിനിടെ കേന്ദ്രത്തിന്‍റെ അനുമതി ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയെ സമീപിക്കുന്നത് ഗുണം ചെയ്തേക്കുമെന്ന് ശശി തരൂര്‍ എംപി അറിയിച്ചു. ഒരു പക്ഷെ ആ രീതിയില്‍ സഹായം ലഭിച്ചേക്കും. ഐക്യരാഷ്ട സഭ അധികാരികളുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി ശശി തരൂര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *