വിമാനമിറങ്ങുന്നവരെ വീട്ടിലെത്തിക്കാന്‍ കെഎസ്‌ആര്‍ടിസി: അത്യാധുനിക ‘ഫ്‌ളൈബസ്’ സര്‍വ്വീസ് ഇന്നു മുതല്‍

തിരുവനന്തപുരം: വിമാനമിറങ്ങിയാലുടന്‍ ഇനി ടാക്‌സി വിളിച്ച്‌ അമിത ചിലവുണ്ടാക്കേണ്ടി വരില്ല. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ കെഎസ്‌ആര്‍ടിസിയുടെ ‘ഫ്‌ളൈബസ്സു’കള്‍ വരുന്നു. പൂര്‍ണ്ണമായും എസി ബസ്സുകളാണ് ഇതിനായി സജ്ജീകരിക്കുന്നത്. പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി, സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ആഗമനം-പുറപ്പെടല്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആദ്യം 21 സീറ്റുകളുള്ള ബസ്സുകളാണ് ക്രമീകരിച്ചിരുന്നതെങ്കിലും പിന്നീട് യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച്‌ 42 സീറ്റുള്ള ബസ്സുകളാക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 45 മിനിറ്റ് ഇടവേളയിലും, നെടുമ്ബാശ്ശേരിയില്‍ നിന്ന് 30 മിനിറ്റിലും കരിപ്പൂര്‍ നിന്ന് 1 മണിക്കൂര്‍ ഇടവേളയിലും 24 മണിക്കൂറും സര്‍വ്വീസുകള്‍ ഉണ്ടാകും. ഫ്‌ളൈ ബസ്സുകളുടെ ചുമതല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിവി രാജേന്ദ്രനെ പ്രത്യേകം ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. ഫ്‌ളൈ സര്‍വ്വീസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കും.

കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകള്‍ ഒരു പരിധിവരെ സൗജന്യമായി കൊണ്ടു പോകാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം എന്നിവ ഫ്‌ളൈ സര്‍വ്വീസിന്റെ പ്രത്യേകതയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *