വെറുപ്പിച്ചു കൊണ്ട് ചിരിപ്പിച്ചും, ചിരിപ്പിച്ചു കൊണ്ട് വെറുപ്പിച്ചും ‘ജുങ്ക’ ശൈലന്റെ റിവ്യൂ

വിജയ് സേതുപതി നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് ജുങ്ക. മാഫിയ കോമഡിയായി നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഗോകുലാണ്. സയേഷയാണ് നായിക. ഒപ്പം മഡോണ സെബാസ്റ്റിയന്‍, സുരേഷ് ചന്ദ്ര മേനോന്‍, മൊട്ട രാജേന്ദ്രന്‍, രാധ രവി, ശരണ്യ പൊന്‍വണ്ണന്‍, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി പ്രൊഡക്ഷനൊപ്പം എ&പി ഗ്രൂപ്പ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ജുങ്ക ജൂലൈ 27 ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

ജുങ്ക

തമിഴ്നാട്ടിലെ ഏതോ വിദൂര ഗ്രാമത്തിൽ ബസ് കണ്ടക്റ്ററായ ജുങ്ക ഒരു ദിവസം തീർത്തും യാദൃച്ഛികമായി അമ്മയിൽ നിന്നും മനസിലാക്കുന്നു, താൻ ചെന്നൈയിലെ വിഖ്യാതമായ ഒരു ഡോൺ ഫാമിലിയിൽ ആണ് ജനിച്ചതെന്ന്. അപ്പനായ രങ്കയും അപ്പൂപ്പനായ ലിങ്കയും എല്ലാം നഗരത്തെ കിടുകിടാ വിറപ്പിച്ച കില്ലാഡി ഡോണുകളായിരുന്നു. കൊട്ടേഷൻ പരിപാടിക്ക് പോവുമ്പോൾ പിറകെ ഷോയ്ക്ക് കൊണ്ടു നടക്കാനുള്ള നൂറുകണക്കിന് വെളുത്ത റ്റാറ്റാസുമോ വണ്ടികളും അതിൽ കുത്തിനിറക്കാനുള്ള വടിവാളുപിടിച്ച ആയിരക്കണക്കിന് എർത്ത് ജഗ്ഗുമാരും അവരുടെ ചെലവും അപ്പന്റെയും അപ്പൂപ്പന്റെയും മറ്റ് പുളിച്ചിത്തരങ്ങളും കാരണം വരവു ചെലവു കണക്ക് ഹെവിലോസ് ആയതു കൊണ്ട് അമ്മയും പാട്ടിയും കൂടി ജുഗ്ഗയെയും കൊണ്ട് ചെന്നൈയിൽ നിന്ന് നൈസായി സ്കൂട്ടായതാണ്. കഥ കേട്ടറിഞ്ഞ ജുഗ്ഗയുടെ ഡോൺ രക്തം തിളച്ചുയരുന്നതും കുലത്തൊഴിൽ ചെയ്യാനായി ചെന്നൈയിലേക്ക് വച്ചുപിടിക്കുന്നതുമാണ് വിജയ് സേതുപതിയുടെ “ജുങ്ക”യുടെ സ്റ്റോറിലൈൻ

ബ്ലാക്ക് ഹ്യൂമർ

ത്രെഡ് ഗംഭീരമാണെന്നും ഴോണർ ബ്ലാക്ക് ഹ്യൂമർ ആണെന്നും സ്കോർ ചെയ്യാൻ ധാരാളം സാധ്യതയുള്ള ഏരിയ ആണെന്നും ഇതു വായിക്കുമ്പോൾ തോന്നിക്കാണും. പക്ഷെ, സംഭവിക്കുന്നത് അത്രത്തോളം ഗംഭീരമായ കാര്യങ്ങൾ ഒന്നുമല്ല. സാധ്യതകളേറെയുള്ള പ്രമേയത്തെ സംവിധായകൻ കൂടിയായ തിരക്കഥാകൃത്ത് ഗോകുൽ ഓവറാക്കി ചളമാക്കി. സ്റ്റോറിലൈന് മാർക്ക് നൂറിൽ എൺപതിന് മേലെയാണെങ്കിൽ തിരക്കഥയ്ക്ക് മാർക്ക് നൂറിൽ ഇരുപതിൽ താഴെയാണ്. ആനാലും വിറുവിറുപ്പാന വസനങ്കൾ താൻ പടത്തെ എന്റെർടൈനറാ കാപ്പാത്തർത്..

ഡോൺ

ചെന്നൈയിൽ ഡോൺ തൊഴിലിൽ ജോയിൻ ചെയ്ത ജുങ്കയെ സംവിധായകൻ അവിടം കൊണ്ടും നിൽക്കാതെ സ്ക്രിപ്റ്റിനെ പാരീസിലേക്ക് ഫ്ലൈറ്റ് കയറ്റി വിടുകയാണ്. അപ്പൻ തുച്ഛവിലയ്ക്ക് പണ്ട് കൈമാറിയ ഒരു തിയേറ്റർ തിരികെ പിടിക്കാനായി അതിന്റെ ഓണറായ ചെട്ടിയാരുടെ പാരീസിലുള്ള മകളെ കിഡ്നാപ്പ് ചെയ്യുവാനായാണ് ആ സാഹസം. ഇടവേളയ്ക്ക് ശേഷമുള്ള ബാക്കി സംഗതികൾ ഊഹിക്കാവുന്നതാണെന്നത് സ്വാഭാവികം.. അതല്ല വിഷയം, ഓവറെന്ന് പറഞ്ഞാൽ മുടിഞ്ഞ ഓവറായിട്ടാണ് കാര്യങ്ങളുടെ പോക്ക് എന്നതാണ്.

സയേഷ

ഫ്രാൻസിന്റെ ലൊക്കേഷൻ ഭംഗി കണ്ണുകൾക്ക് സുഖകരമാണ്. സയേഷ എന്ന നായിക നടിയെയും ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായി അവതരിപ്പിച്ചിട്ടുണ്ട്. ജുങ്കയും അസിസ്റ്റന്റ് ഡോൺ ആയ യോ_യോ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്കൗട്ട് ചെയ്തത് കൊണ്ട് ഹ്യൂമറസായ സിറ്റ്വേഷനുകളും ഡയലോഗുകളും ആവോളമുണ്ട്. (യോഗി ബാബുവാണ് യോയോ) പടത്തിലെ ആശ്വാസഘടകങ്ങൾ ഇവയൊക്കെയാണ്.

Leave a Reply

Your email address will not be published. Required fields are marked *