സംസ്ഥാനത്ത് കനത്ത മഴ; വെള്ളപ്പൊക്കം, മടവീഴ്ച, ഉരുൾപൊട്ടൽ; 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യകേരളത്തിലാണ് ഇന്ന് മഴ കൂടുതൽ നാശം വിതച്ചത്. ഇടുക്കി,കോട്ടയം ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് എറണാകുളത്ത് സിഗ്നൽ സംവിധാനം തകരാറിലായതോടെ മധ്യകേരളത്തിൽ തീവണ്ടി ഗതാഗതം താറുമാറായി. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം. മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരിൽ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. കിഴിഞ്ഞാലിൽ അബ്ദുൽ റഹീമിന്റെ മകൻ അദ്‍നാൻ ആണ് മരിച്ചത്. കണ്ണൂർ കരിയാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് വൃദ്ധ മരിച്ചു. പാർത്തുംവലിയത്ത് നാണിയാണ് മരിച്ചത്. വയനാട് പേരിയ മുപ്പത്തെട്ടാം മൈലിൽ തോട്ടിൽ കാണാതായ ഏഴുവയസുകാരൻ അജ്മൽ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി മണിമലയാറ്റിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു.മണിമല ചെറുവള്ളി സ്വദേശി ശിവൻകുട്ടി ആണ് മരിച്ചത്. മഴയെ തുടർന്ന് ഒറ്റപ്പെട്ട കോതമംഗലം മണികണ്ഠൻ ചാലിൽ ചികിത്സ വൈകി ഒരാൾ മരിച്ചു. വെള്ളാരം കുത്ത് ആദിവാസി കോളനിയിൽ താമസിക്കുന്ന ടോമിയാണ് മരിച്ചത്.

ഇടുക്കി ജില്ലയിലെ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടി. മേത്തൊട്ടിയിൽ ഒരു വീട് ഒലിച്ച് പോയി. വണ്ടിപെരിയാറിലെ റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഓൾഡ് മൂന്നാർ മേഖലയിലും മിക്കയിടങ്ങളിൽ വെള്ളം കയറി. കനത്ത മഴയിൽ മൂന്നാർ ഒറ്റപ്പെട്ടു. മുതിര പുഴയാർ കരകവിഞ്ഞ് ഒഴുകുന്നു, 150 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.എഴുപുന്നയിലും മുളന്തുരുത്തിയിലും റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് എറണാകുളത്തു നിന്നും കോട്ടയം ആലപ്പുഴ റൂട്ടുകളിലൂടെയുള്ള തീവണ്ടി ഗതാഗതം സത്ംഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവും തകരാറിലായി. എറണാകുളത്തു നിന്നുള്ള 8 പാസഞ്ചറുകള്‍ റദ്ദാക്കി. മറ്റ് തീവണ്ടികളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.കോട്ടയം തീക്കോയി മുപ്പതേക്കറിലും,ഏന്തയാർ ഇടങ്കാടിലും ഉരുൾപൊട്ടി വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു. പാലാ,ഈരാറ്റുപേട്ട നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടയിലായി, കെഎസ്ആർടിസി സർവ്വീസ് അടക്കം നിർത്തിവെച്ചു. മണിമലയാറ്റിൽ വീണ് ഒരാൾ മരിച്ചു. കുട്ടനാട്ടിൽ കൈനകരിയിൽ രണ്ടിടങ്ങൾ മട വീണു. 700 ഏക്കർ കൃഷി നശിച്ചു.അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, 300 അധികം പേരെ മാറ്റി പാർപ്പിച്ചു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. വണ്ടാനത്തിന് സമീപം ബാർജ് തീരത്തടുത്തു.

കൊച്ചി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഗതാഗതകുരുക്കും. എംജി റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ പ്രദേശങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി. പെരിയാർ കരകവിഞ്ഞൊഴുകുകയാണ്.ആലുവ മണപ്പുറത്തെ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരുടെ ലേബർ ക്യാംപുകളിൽ വെള്ളം കയറി. തീരമേഖലയിൽ കടലാക്രമണം കൂടി രൂക്ഷമായതോടെ പറവൂരിലും,ചെല്ലാനത്തും ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.കോതമംഗംലം മൂവാറ്റുപുഴ താലൂക്കുകളിലും വെള്ളം കയറിയതിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *