സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ.. മധ്യകേരളം വെള്ളത്തിനടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ 11 പേരാണ് മരിച്ചത്. മധ്യകേരളം പൂര്‍ണമായി വെള്ളത്തിന് അടിയിലായി. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലവര്‍ഷക്കെടുതി മൂലമുള്ള നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

മലബാര്‍ മേഖലയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും മധ്യകേരളത്തില്‍ മഴ തുടരുകയാണ്. മീനച്ചിലാറില്‍ വെള്ളം ഉയര്‍ന്നതോടെ കോട്ടയത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇതുവരെ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ്, എന്നിവ മൂലം 27,000 ത്തിലധികം പേര്‍ ദുരിതാശ്വാസ കാമ്ബുകളിലാണ്.

കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രഫഷണല്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്ക​വാടികള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് , ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിനും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി സര്‍വകലാശാല ജൂലായ് 19,20 തിയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *