സൗദിയുടെ സ്വപ്‌ന പദ്ധതിയായ നിഅമിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജ

റിയാദ്: സൗദിയുടെ സ്വപ്ന പദ്ധതിയായ നിഅം മെഗാ സിറ്റി പ്രൊജക്ടിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജയായ ആരാധന ഖൊവാല നിയമിതയായി. നിഅം സിഇഒ നദ്മി അല്‍ നാസര്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ‘നിഅം’ നഗര പദ്ധതിയുടെ ടൂറിസം മാനേജിങ് ഡയറക്ടര്‍ ആയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയായ ആരാധനാ ഖൊവാല എന്ന 46 കാരിയെ നിയമിച്ചിരിക്കുന്നത്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നടപ്പിലാക്കുന്ന അഞ്ഞൂറ് ബില്യണ്‍ ഡോളര്‍ പദ്ധതി ലോകത്തിന്റെ ആകര്‍ഷണ കേന്ദ്രമാകുമെന്നാണ് വിലയിരുത്തല്‍.

മലയാളം ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ഭാഷകളിലും ഫ്രഞ്ച്, ഇംഗ്ലീഷ് എന്നിവയിലും പ്രാവീണ്യമുള്ള ആരാധന ടൂറിസം ലോകത്തെ അതുല്യ പ്രതിഭയായാണ് കണക്കാക്കപ്പെടുന്നത്. ലോക ടൂറിസം ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി പ്രവര്‍ത്തിച്ചിരുന്നു. സിഎന്‍ബിസി ചാനലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് സംയുക്തമായി ഏര്‍പ്പെടുത്തിയ 21ാം നൂറ്റാണ്ടിന്റെ ഐക്കണ്‍ അവാര്‍ഡ് നേടിയ അവര്‍ ടൂറിസം ലീഡറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചെങ്കടലിനു സമീപം സ്ഥാപിക്കുന്ന നിയോം പദ്ധതി ലോക ടൂറിസം രംഗത്ത് പുതിയൊരു അല്‍ഭുതമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിലെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി ‘നിയോം’ നഗര പദ്ധതിയെ ലോകത്തിലെ അതുല്യ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ആരാധനയുടെ നിയമനം സഹായിക്കുമെന്ന് പദ്ധതി സി.ഇ.ഒ നദ്മി അല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

ഈജിപ്ത് ജോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് 26,500 ചതുരശ്ര കിലോമീറ്ററിലാണു നിയോ പദ്ധതി നടപ്പിലാക്കുന്നത്. മുഴുവന്‍ ഭൂഖണ്ഡങ്ങളിലെയും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്ലോബല്‍ ഹബ്ബായിരിക്കും ഭാവിയില്‍ നിയോം മാറുമെന്നാണ് പ്രഖ്യാപനം. പദ്ധതിയുടെ ആദ്യഘട്ടം 2025ഓടെ പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. എണ്ണയെ ആശ്രയിക്കുന്നതില്‍ നിന്ന് മാറി മറ്റു വരുമാന സ്രോതസ്സുകളിലേയ്ക്ക് തിരിയാന്‍ രാജ്യത്തെ തയ്യാറാക്കുകയെന്നതാണ് കിരീടാവകാശിയുടെ വിഷം 2030ന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *