വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്, പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണിത്’; രജിഷ വിജയന്‍

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളെയും അതിക്രമങ്ങളെയും നിസാരവത്കരിച്ച്‌ ചിത്രീകരിക്കുന്നതിനെ കുറിച്ച്‌ പ്രതികരിച്ച്‌ നടി രജിഷ വിജയന്‍. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം എന്നാണ് രജിഷ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘സിനിമയില്‍ പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ഒരു ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര ചിത്രങ്ങളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍’ എന്നൊക്കെയുള്ള ഡയലോഗുകളും അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോള്‍ സിനിമകളില്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ്’ എന്നാണ് രജിഷ വിജയന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പ്’ ആണ് രജിഷയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *