
പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സച്ചി സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മല്‍സരിച്ചുളള അഭിനയമാണ് ചിത്രത്തില്‍ പൃഥ്വിയും ബിജു മേനോനും കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ പോലെ മറ്റു താരങ്ങളുടെ പ്രകടനത്തെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്.
സിനിമയില്‍ ബിജു മേനോന്റെ ഭാര്യയായി അഭിനയിച്ച ഗൗരി നന്ദ മികച്ച പ്രകടനമാണ് നടത്തിയത്. കണ്ണമ്മ എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ നടി എത്തുന്നത്. അയ്യപ്പനും കോശിയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയോട് മുഖത്തടിച്ചതുപോലെയുളള കണ്ണമ്മയുടെ സംസാരത്തിന് നിറഞ്ഞ കൈയ്യടിയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഈ രംഗത്തെക്കുറിച്ച് കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ ഗൗരി സംസാരിച്ചിരുന്നു.
കോശി എന്ന് പറയുന്നത് കണ്ണമ്മയ്ക്ക് ഒരു സംഭവമൊന്നുമല്ല. ഇതിലും വലിയ ആളുകളെ ഫേസ് ചെയ്ത് വന്നിരിക്കുന്ന വ്യക്തിയാണ്. രാജുവേട്ടന്റെ സപ്പോര്‍ട്ടിലാണ് ആ സീന്‍ ഗംഭീരമായത്. പേടിയൊന്നുമുണ്ടായിരുന്നില്ല. കാരണം അവര്‍ നമ്മളെ പേടിപ്പിക്കുന്ന ആളുകളല്ലായിരുന്നു. അവര്‍ക്കും ആഗ്രഹമുണ്ട് അവരുടെ സിനിമയിലെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്ന് അഭിമുഖത്തില്‍ ഗൗരി നന്ദ പറഞ്ഞു.