തിരുവനന്തപുരം :ആനാട്ടെ ആരോഗ്യപ്രവര്‍ത്തകയ്ക്കും വഞ്ചിയൂരിലെ ഗൃഹനാഥനും പിന്നാലെ നഗരത്തില്‍ ട്രാന്. ഡ്രൈവര്‍ക്കും മൊബൈല്ഷോപ്പുടമയ്ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ പെരുകുന്നതായി ആശങ്ക.പാപ്പനംകോട് കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ക്കും നഗരത്തില്‍ മൊബൈല്‍ഷോപ്പ് നടത്തുന്ന മലപ്പുറം സ്വദേശിക്കുമാണ് നഗരത്തില്‍ ഇന്നലെ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവര്‍. വര്‍ക്കിംഗ് അറേഞ്ച്മെന്റിലാണ് ഇദ്ദേഹം പാപ്പനംകോട് എത്തിയത്. ലോക്ക് ഡൗണിന് ശേഷം ജൂണ്‍ രണ്ടിന് തൃശൂരില്‍ നിന്ന് ബൈക്കില്‍ തിരുവനന്തപുരത്ത് എത്തി. ജൂണ്‍ മൂന്ന് മുതല്‍ ജോലിയില്‍ പ്രവേശിച്ചു. ജൂണ്‍ 4ന് പാപ്പനംകോട് നിന്ന് ഒരു ഷെഡ്യൂളില്‍ ജോലി ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലേക്കും തമിഴ്നാട് അതിര്‍ത്തിയിലും എത്തിച്ച ബസില്‍ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സ്രവ പരിശോധന നടത്തിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ നാട്ടിലെത്തിക്കാനുള്ള ഡ്യൂട്ടിയ്ക്കിടെയാകാം ഡ്രൈവര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്. കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡ്രൈവറില്‍ നിന്നും ഇയാള്‍ ഡ്യൂട്ടി ചെയ്ത ബസുകളെയും റൂട്ടുകളെയും സംബന്ധിച്ച വിവരവും സമ്ബര്ക്കംപുലര്ത്തിയവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.
തിരുവനന്തപുരത്ത് മൊബൈല്‍ കട നടത്തുന്ന മലപ്പുറം സ്വദേശിയായ 28 കാരനും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മെയ് 27 ന് മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഞായറാഴ്ച സ്രവ പരിശോധന നടത്തിയത്. മെയ് 27മുതല്‍ ഇയാളുടെ കടയില്‍ വന്നുപോയവരും സഹകരിച്ചവരും സമീപവാസികളുമുള്പ്പെടെ വിപുലമായ സമ്ബര്ക്കപ്പട്ടികയാണ് ഇയാള്‍ക്കുള്ളത്. കടയിലെ രജിസ്റ്ററില്‍ നിന്നുള്ള പേര് വിവരങ്ങളും കടയുടമയുടെ മൊഴിപ്രകാരവും ഞായറാഴ്ച വരെ ഇയാളുമായി അടുത്ത് ഇടപഴകിയ ഏതാണ്ട് നൂറോളം പേരെയാണ് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. ഇവരോടെല്ലാം ക്വാറന്റൈന് പാലിക്കാന്‍ നിര്‍ദേശിച്ച് കഴിഞ്ഞു. ട്രാന്.ഡൈവര്‍ക്കും മൊബൈല്‍ ഷോപ്പുടമയ്ക്കും പുറമേ ചെന്നൈയില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശികളായ 30 വയസുകാരിക്കും 2 വയസുള്ള കുഞ്ഞിനുമാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്ബ് ആനാട് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച സംഭവത്തിലും വഞ്ചിയൂരില്‍ ഹൃദ്രോഗത്തിന് ചികിത്സിലായിരുന്ന എസ്.രമേശന് കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
മരണപ്പെട്ട ശേഷം രോഗം സ്ഥിരീകരിച്ച വഞ്ചിയൂര്‍ സ്വദേശി എസ്.രമേശന്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്നലെ സംസ്കരിച്ചു. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. അതേസമയം ശ്വാസകോശ സംബന്ധമായ രോഗവുമായി എത്തിയിട്ടും ചികിത്സാവേളയില്‍ രമേശന്റെ സ്രവ പരിശോധന നടത്താത്തതില്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ മെഡിക്കല്‍ കോളജിനോടും,ജനറല്‍ ആശുപത്രിയോടും വിശദീകരണം തേടിയിട്ടുണ്ട്. ഫീല്‍ഡ് ഹെല്‍ത്ത് വിസിറ്റിംഗിന്റെ ഭാഗമായി വിപുലമായ സമ്ബര്‍ക്ക പട്ടികയുടെ ഉടമയാണ് ആനാട്ടെ ആരോഗ്യ പ്രവര്‍ത്തക. സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണമുണ്ടായ പോത്തന്‍കോട്ടെ റിട്ട. എ.എസ്.ഐ, അടുത്തിടെ മരിച്ച നാലാഞ്ചിറയിലെ വൈദികന് എന്നിവരുടെ രോഗബാധയും എവിടെനിന്നെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമില്ലാത്ത സാഹചര്യം തലസ്ഥാന നഗരിയില്‍ സമൂഹവ്യാപനത്തിന്റെ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.