ടിക് ടോക് അടക്കം നിരോധിച്ച ചൈനീസ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കി

ന്യൂഡല്‍ഹി: ടിക് ടോക് അടക്കം നിരോധിച്ച ചൈനീസ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കി. യു സി ബ്രൗസര്‍, എക്‌സ്ന്‍ഡര്‍, ക്യാം സ്‌കാനര്‍, ഹലോ തുടങ്ങി 59 ചൈനീസ് നിര്‍മിത ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം തിങ്കളാഴ്ച നിരോധിച്ചത്. വരും ദിവസങ്ങളില്‍ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്.

ചില ഗെയിമുകളും ക്ലബ് ഫാക്ടറി ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്‌സ് ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പെടുന്നു. ആപ്പുകളില്‍ ചിലതിന്റെ ഉടമകള്‍ ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്നവയാണ്. നിരോധിച്ചതില്‍ യുസി ന്യൂസ് ഉള്‍പ്പെടെ ചിലത് ഇന്ത്യ- ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണ് വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരം ആപ്പുകള്‍ നിരോധിക്കാന്‍ ഐടി മന്ത്രാലയം തീരുമാനിച്ചത്. പാര്‍ലമെന്റിലുള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും പരിഗണിച്ചാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *