ന്യൂഡല്‍ഹി • ടിക് ടോക്കിനെയും മറ്റ് 58 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളെയും നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ്ഡാന്‍സിന് 6 ബില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 44,862 കോടി രൂപ) നഷ്ടമുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം ഇന്ത്യയും ചൈനീസ് സൈനികരും തമ്മില്‍ ഉണ്ടായ അതിര്‍ത്തി ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് ചൈനീസ് ഇന്റര്‍നെറ്റ് കമ്ബനിയായ ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ് ഡാന്‍സിന് 6 ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രമുഖ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്ബനി ഒരു ബില്യണ്‍ യു.എസ് ഡോളറിലധികം ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും നിരോധനം അതിന്റെ ബിസിനസ്സ് ഫലത്തില്‍ ഇല്ലാതാക്കുമെന്നും 6 ബില്യണ്‍ യു.എസ് ഡോളര്‍ വരെ നഷ്ടമുണ്ടാക്കുമെന്നും മറ്റൊരു ഉറവിടം ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ബൈറ്റ്ഡാന്‍സിന് കീഴിലുള്ള ഒരു ഹ്രസ്വ വീഡിയോ പങ്കിടല്‍ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്, ഇന്ത്യന്‍ വിപണിയില്‍ കമ്ബനി പുറത്തിറക്കിയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഹെലോ. നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള വിഗോ വീഡിയോ എന്ന മറ്റൊരു ആപ്ലിക്കേഷനും കമ്ബനിയില്‍ നിന്നുള്ളതാണ്.
മൊബൈല്‍ ആപ്ലിക്കേഷന്‍ അനാലിസിസ് കമ്ബനിയായ സെന്‍സര്‍ ടുവറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ടിക് ടോക്ക് 112 ദശലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ഇന്ത്യയില്‍ 20 ശതമാനമാണ് ടിക് ടോക്കിന്റെ വിപണി വിഹിതം. യു.എസിന്റെ രണ്ടിരട്ടിവരുമിത്.
ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
നിരോധിച്ച ആപ്ലിക്കേഷനുകളില്‍ യു,സി ബ്രൌസര്‍, ടിക് ടോക്ക്, ഷെയര്‍, ബൈഡു മാപ്പ്, ഷെയ്ന്, ക്ലാഷ് ഓഫ് കിംഗ്സ്, ഡി യു ബാറ്ററി സേവര്‍, ഹെലോ, ലൈക്ക്, യൂകാം മേക്കപ്പ്, മി കമ്മ്യൂണിറ്റി, സിഎം ബ്രൗസര്‍ , വൈറസ് ക്ലീനര്‍, അപസ് ബ്രൗസര്‍ എന്നിവ ഉള്‍പ്പെടുന്നു.
അതേസമയം, ഇന്ത്യന്‍ നിയമപ്രകാരം ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ടിക്ക് ടോക്ക് പാലിക്കുന്നുണ്ടെന്നും മാത്രമല്ല ചൈനയിലെ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും വിദേശ സര്‍ക്കാരുമായി ഇന്ത്യയിലെ ഞങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ലെന്നും ടിക് ടോക് വ്യക്തമാക്കി.