ഭുവനേശ്വര്‍: ഡയറിഫാമിനെതിരെ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഉടമയില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ആറ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. കേസില്‍ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെല്ലാവരും ഒരു വെബ് ന്യൂസ് ചാനലിലുള്ളവരാണ്.
– ”പരാതിക്കാരനില്‍ നിന്ന് 1.64 ലക്ഷം രൂപ തട്ടിയെടുത്തു.ഇതില്‍ 24,000 രൂപ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. തങ്ങളുടെ വെബ്സൈറ്റില്‍ മോശമായി വാര്‍ത്തനല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്.”- കമ്മീഷണര്‍ പറഞ്ഞു. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് ഡയറി ഫാം ഉടമ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.
–
തെറ്റായ വാര്‍ത്ത നല്‍കുമെന്നും ഡയറി ഫാം റെയ്ഡ് ചെയ്യിക്കുമെന്നും ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. ആദ്യം 99,000 രൂപയും പിന്നീട് 31,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി. രണ്ടുകാറുകളും നാല് ബൈക്കുകളും പൊലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ വെബ് ചാനലിന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി.